മനസും ശരീരവും ശുദ്ധമാക്കി ചെറിയ പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.
ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. പട്ടിണി രഹിതവും, കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാന്‍ വ്രതം നമ്മെ ഓര്‍മിപ്പിക്കുന്നു. പുത്തന്‍ ഉടുപ്പണിഞ്ഞു മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി, കൈത്താളമിട്ടുള്ള പാട്ടുകള്‍ വ്രതപുണ്യത്തിന്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം.
കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്തോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയപെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചും പുത്തനുടുപ്പിന്റെ പുതുക്കവുമായി ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറുന്നതും ഈദിന്റെ പ്രത്യേകതയാണ്.