സ്റ്റാന്റിംഗ് കമ്മിറ്റി ഭേദഗതിക്ക് വിട്ട വഖഫ് ബോര്‍ഡ് ബില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടയിലും പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ നീക്കം. ലോക്സഭയുടെ പ്രതിവാര അജണ്ട തീരുമാനിക്കുന്ന സ്പീക്കര്‍ ഓം ബിര്‍ള നയിക്കുന്ന പാനലായ ലോക്സഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരാനും വഖഫ് ബില്‍ ചര്‍ച്ചയുടെ ഷെഡ്യൂള്‍, ചര്‍ച്ച ചെയ്യാനുമാണ് സാധ്യത.നാളെ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്ളിം ലീഗ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാദമായ വഖഫ് ബോര്‍ഡ് ബില്‍ ആഗസ്റ്റിലാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. വഖഫ് നിയമത്തിലെ വ്യവസ്ഥകളില്‍ 40 ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന ബില്‍, വഖഫ് ബോര്‍ഡുകളില്‍ മുസ്ലീം സ്ത്രീകള്‍ക്കും അമുസ്ലിംകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നത് പോലുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ബില്ലിന് കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം, കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെ ഡി യു, ടി ഡി പി, എല്‍ ജെ പി, ആര്‍ എല്‍ ഡി പാര്‍ട്ടികളില്‍ ബില്ലിന്റെ കാര്യത്തില്‍ ഭിന്നസ്വരം നിലനില്‍ക്കുന്നുണ്ട്. ഏപ്രില്‍ നാലിനാണ് സമ്മേളനം സമാപിക്കുന്നത്.