കേരളത്തില്‍ ഭരണ തുടര്‍ച്ച അനിവാര്യമെന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് . ഇന്ത്യ സഖ്യം നിര്‍ജീവമായത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടെന്നും രാഷ്ട്രീയ റിപ്പോര്‍ട്ട്. വനിതകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കും.
പാര്‍ട്ടിയുടെ വളര്‍ച്ച മുന്നില്‍കണ്ട് വിമര്‍ശനവും സ്വയം വിമര്‍ശനവും മുന്നോട്ടുവച്ചു കൊണ്ടുള്ളതാണ് സിപിഐഎം 24ആം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ടും. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രവര്‍ത്തന മാറ്റം ആവശ്യപ്പെടുന്നതാണ് സംഘടന റിപ്പോര്‍ട്ട്. കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ സംവിധാനത്തെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
ഇതിനുപുറമേ വനിതകള്‍ക്ക് പാര്‍ട്ടി പ്രോത്സാഹനം നല്‍കുന്നില്ലെന്ന് സിപിഐഎം സംഘടന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കുടുംബ കാര്യങ്ങള്‍ക്കൊപ്പം സംഘടനാ ചുമതല നിര്‍വഹിക്കുമ്പോഴും സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലകുറച്ച് കാണുന്നു. എല്ലാ തലങ്ങളിലും നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതില്‍ വലിയ കുറവാണ്.
അംഗത്വത്തില്‍ 25% വനിതകള്‍ എന്ന കൊല്‍ക്കത്ത പ്ലീന നിര്‍ദ്ദേശം നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായി. അതേസമയം രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഭരണ തുടര്‍ച്ച ഉണ്ടാകേണ്ടത് ദേശീയതലത്തിലെ വളര്‍ച്ചയ്ക്ക് അനിവാര്യം എന്നാണ് വിലയിരുത്തല്‍. താഴെത്തട്ട് മുതലുള്ള പാര്‍ട്ടി സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനായി ശ്രമിക്കണം. ഇന്ത്യ സഖ്യത്തിന്റെ നിര്‍ജീവാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് നിലപാട് ആണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
സംഘടനാ സംവിധാനങ്ങള്‍ മോശമായ പശ്ചിമബംഗാളില്‍ പാര്‍ട്ടിയെ താഴെത്തട്ട് മുതല്‍ ബലപ്പെടുത്തണം . വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ട്. ത്രിപുരയില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ല. അടുത്താ തെരഞ്ഞെടുപ്പില്‍ തിരിച്ചെത്താന്‍ കഴിയും എന്നുള്ള പ്രതീക്ഷയും റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു