പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചതോടെ ബില്ല് നിയമമായി. അടുത്ത ആഴ്ചയോടെ ബില്ലില്‍ ഒപ്പുവയ്ക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും , പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ബില്ലില്‍ ഒപ്പുവച്ചത്.
കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങുന്നതോടെ നിയമവുമായ ബന്ധപ്പെട്ട ചട്ടങ്ങളും പുറത്തിറക്കും. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് ഇരുസഭകളിലും വഖഫ് ബില്ല് പാസാക്കിയത്. 232-ന് എതിരെ 288 വോട്ടുകള്‍ക്കാണ് ബില്ല് ലോക്‌സഭയില്‍ പാസായത്.
രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തിരുന്നു. ബില്ലിനെതിരെ കൂടുതല്‍ സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായതോടെയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചത്.