എംഎ ബേബി സിപിഐഎം ജനറല്‍ സക്രട്ടറി. ശുപാര്‍ശ അംഗീകരിച്ച് പോളിറ്റ് ബ്യൂറോ. ബേബി ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി.
സംഘടനാ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് എംഎ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. ഇംഎംഎസിന് ശേഷം എംഎ ബേബി പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തുമ്പോള്‍ കേരളഘടകത്തിനും കരുത്ത് ഇരട്ടിയാകും.
പാര്‍ട്ടിയിലെ സൗമ്യനായ നേതാവെന്ന് ബേബിയെ വിശേഷിപ്പിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും എതിര്‍ പാര്‍ട്ടിക്കാര്‍ക്കും മറ്റൊരു അഭിപ്രായമില്ല. സംഘടയുടെ താഴെ തട്ടില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച ബേബി, അഞ്ച് പതിറ്റാണ്ടിനപ്പുറം സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ അമരത്ത് കരുത്ത് കാട്ടുമെന്നുറപ്പ്. എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിലൂടെയായിരുന്നു ബേബിയുടെ രാഷ്ട്രീയ പ്രവേശനം.
എസ്എഫ്ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബേബി, എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് അഖിലേന്ത്യാ പ്രസിഡന്റ് എന്നീ പദവികളിലെത്തി. പിന്നാലെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക്. 1986ല്‍ രാജ്യസഭാഗമാവുമ്പോള്‍ ബേബിയുടെ പ്രായം 32 വയസ്സ്. യുവജനസംഘടനാ തലത്തിലെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വളര്‍ന്നപ്പോള്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയും ബേബിയെ തേടിയെത്തി.
1977ല്‍ കൊല്ലം ജില്ലാകമ്മിറ്റിയിലെത്തി. പിന്നാലെ സംസ്ഥാന സമതിയിലും. 1989ലാണ് കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്. രണ്ടായിരത്തി ആറിലും 2011ലും കുണ്ടറ മണ്ഡലത്തെ പ്രതിനിധീകരിച്ച ബേബി നിയമസഭാംഗമെന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. 2006ല്‍ അച്യുദാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലയായി അംഗീകരിച്ചതും ബേബിയുടെ കാലത്താണ്.
കോഴിക്കോട് നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് എംഎ ബേബി പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കുന്നത്. അദ്ധ്യാപകനായിരുന്ന പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും മകനായി 1954ല്‍ കൊല്ലം പ്രാക്കുളത്തായിരുന്നു ജനനം. എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളേജ് എന്നിവിടുങ്ങളില്‍ വിദ്യാഭ്യാസം.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മര്‍ദനവും ജയില്‍ വാസവും അനുഭവിച്ചു. സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായി എംഎ ബേബി വരുമ്പോള്‍ സംഘടനാരംഗത്തെ അനുഭവവും കരുത്തും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണായകമാകും.