പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതി ഇന്ന് സംസ്ഥാനത്തെത്തും. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കറും കമ്മീഷന്‍ രൂപീകരിച്ച അന്വേഷണ സമിതിയും ആണ് ബംഗാളിലെത്തുന്നത്. വെള്ളിയാഴ്ച സമിതി മുര്‍ഷിദാബാദും മറ്റ് അക്രമ ബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും.
അക്രമബാധിത പ്രദേശങ്ങള്‍ സമിതി നേരിട്ട് സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അതിജീവിച്ചവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഏപ്രില്‍ 18 ന് സമിതി മാള്‍ഡയിലെത്തി അതിജീവിച്ചവരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും കാണും.ഏപ്രില്‍ 19 ന് ഷംഷേര്‍ഗഞ്ച്, ജാഫറാബാദ് എന്നിവയുള്‍പ്പെടെ മുര്‍ഷിദാബാദിലെ അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ പോലീസ് ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് , സിഐഡി വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.