കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് തിരിച്ച ട്രെയിന്‍ 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ട് കണ്ണൂരിലെത്തി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും രാവിലെ 5.10 ന് നീട്ടി ചൂളം വിളിച്ച് വന്ദേ ഭാരത് കുതിച്ചു പാഞ്ഞു. 50 മിനിറ്റ് പിന്നിട്ട് 6 മണിയോടെ കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍. 7.25 ന് കോട്ടയത്ത് എത്തിയ ട്രെയിന്‍ ഒരു മണിക്കുര്‍ പിന്നിട്ടപ്പോള്‍ എറണാകുളം നോര്‍ത്തില്‍. അവിടെ നിന്ന് പുതിയ രണ്ട് ലോക്കോ പൈലറ്റുമാര്‍ കയറി. വണ്ടി തൃശ്ശൂരില്‍ എത്തുമ്പോള്‍ സമയം 9.37.
ഒരുമിനിറ്റ് വിശ്രമത്തിന് ശേഷം വീണ്ടും യാത്ര. 10.45 ന് തിരൂരില്‍ എത്തി മൂന്ന് മിനിറ്റ് വിശ്രമം. 11.17 ന് കോഴിക്കോടെത്തിയ വണ്ടി 12.20 ന് കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനില്‍. ആദ്യത്തെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത് ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ . ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടങ്ങള്‍. അപ്പോഴേക്കും സ്റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.