Share this Article
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ
വെബ് ടീം
posted on 19-04-2023
1 min read
India is now world's most populous country

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ചൈനയെ പിന്തള്ളിയാണ്  ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയത്. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയിലെ ജനസംഖ്യ 142.57 കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .

1950ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ പുതിയ കണക്കനുസരിച്ച് ചൈനയേക്കാള്‍ 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. 

2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2022ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു.  ഇതാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്.

പുതിയ ജനസംഖ്യ കണക്കില്‍ 68 ശതമാനവും 15നും 64 നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കാന്‍ ശേഷിയുള്ളവരാണെന്നും വ്യക്തമാക്കുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 വയസും സ്ത്രീകള്‍ക്ക് 74 വയസുമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

2011 ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021 ല്‍ നടക്കേണ്ട സെന്‍സസ് ഇതുവരെ നടന്നിട്ടില്ല. 34 കോടി ജനസംഖ്യയുള്ള അമേരിക്കയാണ് ജനസംഖ്യാ പട്ടികയില്‍ മൂന്നാമത്. 2023 പകുതിയോടെ ആഗോള ജനസംഖ്യ 8.045 ബില്യണ്‍ ആകുമെമെന്നും റിപ്പോര്‍ട്ട് പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories