ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുകയറി 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ആറും സ്ത്രീകളായിരുന്നു. ഒരു പുരുഷൻ ഉൾപ്പെടെ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ആണ് അപകടമുണ്ടാക്കിയത്.
ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10ന് തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്.സംഭവത്തിന് പിന്നാലെ വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.
പരുക്കേറ്റ തൊഴിലാളികളെ മണ്ഡി ഖേര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുള്ള കാരണം വ്യക്തമല്ലെന്നും വാഹനത്തിന്‍റെ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഫിറോസ്പൂർ ജിർക്ക ഡിഎസ്പി അജൈബ് സിംഗ് അറിയിച്ചു.