Share this Article
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ഡ്രൈ ഡേ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍
States declare dry day on January 22 in connection with Ayodhya Ram temple consecration ceremony

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ഡ്രൈ ഡേ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍. ഛത്തീസ്ഗഡ്, ആസാം,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പൊതു അവധിയും പ്രഖ്യാപിച്ചു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിവിധ സംസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഡ്, ആസാം,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേ ആയിരിക്കും. എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

രാമന്റെ മാതാവ് ജനിച്ചത് ഛത്തീസ്ഗഢിലാണെന്നും അതിനാല്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ദിവസം ദീപാവലിക്ക് ചെയ്യുന്നതുപോലെ വീടുകളില്‍ ദീപം തെളിയിക്കണമെന്നും അന്ന് സംസ്ഥാനത്ത് ആഘോഷത്തിന്റെ ദിവസമായിരിക്കുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നേരത്തെ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിക്കുമെന്നും വലിയ ഉത്സവത്തിന്റെ പ്രതീതിയിലാകും രാമക്ഷേത്ര പ്രതിഷ്ഠ ദിനം ആഘോഷിക്കുകയെന്നും യുപി മുഖ്യമന്ത്രി അറിയിച്ചു.

മകരസംക്രാന്തി മുതല്‍ മതപ്രഭാഷണങ്ങള്‍ ആരംഭിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22 ന് അവധി നല്‍കിയിട്ടുണ്ട്. അതേസമയം, അയോധ്യക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 11 ദിവസത്തേക്ക് വിശേഷ വ്രതം അനുഷ്ഠിക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാരുടെ മുഴുവന്‍ പ്രതിനിധിയായി പ്രാണപ്രതിഷ്ഠ നടത്താന്‍ ദൈവം നിയോഗിച്ചിരിക്കുന്നെന്നും മോദി എക്‌സിലൂടെ അറിയിച്ചു.   

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories