സംഗീതസംവിധായകന്‍ കെ.ജെ. ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയ്യിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കെ.ജെ.ജോയ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അന്തരിച്ചത്. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശില്‍പിയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യന്‍ എന്ന വിശേഷണവും ജോയിക്കുണ്ട്.
സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഗാനങ്ങളിലെ അക്കോര്‍ഡിയന്‍ ആര്‍ട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് മാറുന്നത്. 1975ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റര്‍ ആയിരുന്നു സംഗീതസംവിധായകനായുള്ള ആദ്യ മലയാളചിത്രം. തുടര്‍ന്നങ്ങോട്ട് മലയാളത്തിലെ മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി.
ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സര്‍പ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് ഈണമിട്ടു. കീ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ആധുനികസങ്കേതകങ്ങള്‍ എഴുപതുകളില്‍ മലയാളസിനിമയില്‍ എത്തിച്ചയാള്‍കൂടിയാണ് കെ.ജെ. ജോയ്.