അയോധ്യയിലെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.എസ്.ചിത്രയെ പിന്തുണച്ച് ഗായകന്‍ ജി.വേണുഗോപാല്‍. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ എന്ന് വേണുഗോപാല്‍ ചോദിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചിത്രയെ അനുകൂലിച്ചും വിമര്‍ശിച്ചും പലരുമെത്തി. ഇതിന് പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം.
കഴിഞ്ഞ 44 വര്‍ഷങ്ങത്തോളമായി പാടുക മാത്രമേ ചിത്ര ചെയ്തിട്ടുള്ളൂ. വായനയോ എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ഇല്ല. ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണ് ഈ വിഷയത്തിലുള്ളതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സംഗീതം, ഭക്തി, സാധന, സ്‌നേഹം, സമഭാവന ഇതിനപ്പുറമൊന്നും ചിത്രയുടെ ചിന്താമണ്ഡലത്തിലില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ എന്നും സാമൂഹ്യ മാധ്യമത്തിലൂടെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മലയാളികളെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ചിത്ര ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട്. ചിത്രയെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമായിരുന്നു എന്നും വേണുഗോപാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. വിവഷയം വിവാദമായത് ചിത്രയെ ഏറെ സങ്കപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.