അസമില്‍ പര്യടനം തുടരുന്ന ന്യായ് യാത്രയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍.ബട്ടദ്രവ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു.നാളെ ഗുവാഹത്തിയില്‍ പ്രവേശിക്കുന്നതിനും അനുമതി ഇതുവരെ നല്‍കിയിട്ടില്ല
അസമിലെ ആത്മീയാചാര്യനായ ശ്രീ ശ്രീ ശങ്കര്‍ദേവന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. പൊലീസ് മുന്നോട്ടു പോകാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാന്‍ താന്‍ എന്തു തെറ്റാണ് ചെയ്തത് എന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.
സന്ദര്‍ശനത്തിന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നുവെന്നും ക്ഷേത്രം അധികാരികളുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനത്തിനെത്തിയതെന്നും അറിയിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു എന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ നാഗോവിലൂടെയാണ് കടന്നു പോകുന്നത്. നാളെ ഗുവാഹത്തിയില്‍ പ്രവേശിക്കും.ഗുവാഹത്തിയില്‍ പര്യടനത്തിനും , മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനും രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.