രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമസഭ ബജറ്റ് സമ്മേളനം ഫെബ്രുവരി 5ന് നടക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് സമ്മേളനം നടക്കുക. സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റ് അവതരണം സർക്കാരിന് മേൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
സാമൂഹിക ക്ഷേമ പെൻഷനുകൾ മുടങ്ങാതെ നൽകാനായിരുന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിന് ശേഷം ഇന്ധന സെസ് ഏർപ്പെടുത്തിയത്. എന്നാൽ പിന്നീട് സാമൂഹിക ക്ഷേമ പെൻഷനുകൾ പല തവണ മുടങ്ങി. ഇപ്പോഴും നാല് മാസമായി ക്ഷേമ പെൻഷനുകൾ മുടങ്ങി തന്നെയാണ് മുന്നോട്ട് പോകുന്നത്. വർധിപ്പിച്ച ഇന്ധന നികുതിക്ക് പിന്നാലെ വെള്ളക്കരവും കൂട്ടിയത് സാധാരണ ജനങ്ങൾക്ക് മേൽ കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ബജറ്റ് അവതരണം സർക്കാരിന് മേൽ കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ബജറ്റ് സമ്മേളനം കഴിഞ്ഞാൽ, 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ് നടക്കുക. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഓർഡിനൻസ് ആയി നിലനിൽക്കുന്ന ചരക്ക് സേവനനികുതി, പഞ്ചായത്തിരാജ് ഭേദഗതി, മുൻസിപ്പാലിറ്റി ഭേദഗതി എന്നിവ ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ ബില്ലായി വന്നേക്കും.