Share this Article
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും
The budget session of the Legislative Assembly begins today; The Governor will make a policy announcement speech

പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഭരണ-പ്രതിപക്ഷ പോരാട്ടവും ഈ സമ്മേളനത്തിൽ ഉണ്ടാകും.

നിയമസഭാ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള വിമർശനങ്ങൾ ഗവർണർ ഉൾപ്പെടുത്തുമോ എന്നതാണ് ഉറ്റു നോക്കുന്നത്. തർക്കങ്ങൾ ഇല്ലാതെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പുവെച്ചത് മാത്രമാണ് സർക്കാറിന് ആശ്വാസം. തിരഞ്ഞെടുപ്പ് എത്തിനിൽക്കെ രാഷ്ട്രീയ പോരിനും സഭാ സമ്മേളനം വേദിയാകും. പതിവുപോലെ ഈ സമ്മേളനത്തിലും മാസപ്പടി വിവാദം ചർച്ചാവിഷയമാകും. എക്സാലോജിക്കിനെതിരെ പുറത്തുവന്ന ആർഒസി റിപ്പോർട്ട് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സിഎംആർഎൽ വിവാദം വീണ്ടും സഭയിൽ എത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുക.

കരുവന്നൂരും കണ്ടലയും തുടങ്ങി സഹകരണ തട്ടിപ്പുകളും പ്രതിപക്ഷത്തിന്റെ മറ്റ് ആയുധങ്ങളാണ്. അതേസമയം നവ കേരള സദസിന്റെ ഊർജ്ജത്തിലാണ് ഭരണപക്ഷം സഭയിൽ പ്രതിരോധം തീർക്കുക. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം ഭരണപക്ഷം ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റും സമ്മേളനത്തിൽ ചർച്ചയാകും.

കേന്ദ്ര അവഗണനയും ഡൽഹിയിലെ മുഖ്യമന്ത്രിയുടെ സമരവും സഭയിലെ പ്രധാന വിഷയമാകും. പ്രതിപക്ഷ ബഹിഷ്കരണത്തെ ഭരണപക്ഷം രാഷ്ട്രീയ ആയുധമാക്കും. 

ഫെബ്രുവരി അഞ്ചിനാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. മാർച്ച് 27 വരെയാണ് സഭാ സമ്മേളനം നടക്കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories