പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് 9 ന് കാസര്‍ഗോഡ് തുടക്കമാകും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള ജനരോഷം ഉയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്ര AICC ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.യാത്രയുടെ ഭാഗമായി ജില്ല കേന്ദ്രങ്ങളില്‍ സാധരണക്കാരെ അണിനിരത്തിയുള്ള ജനകീയ ചര്‍ച്ച സദസ്സും സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഫെബ്രുവരി 9 ന് കാസര്‍ഗോഡ് നിന്നും തുടങ്ങി 29 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദങ്ങളില്‍ നടത്തുന്ന ജനകീയ ചര്‍ച്ച സദസ്സില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ആവിഷ്‌കരിക്കാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.
മോദിയുടെ കോര്‍പ്പറേറ്റ് ഗ്യാരന്റിക്കും പിണറായി വിജയന്റേ സ്വജനപക്ഷപാതത്തിനുമെതിരായ ജനകീയ പ്രതിഷേധമായിരിക്കും യാത്രയെന്ന് സമരാഗ്നി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി സിദ്ദിഖ് പറഞ്ഞു. ജനകീയ പ്രക്ഷോഭ യാത്രയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളും യുഡിഎഫ് നേതാക്കളും പങ്കെടുക്കും. സമരാഗ്നി യാത്രയിലൂടെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കാനാണ് കെപിസിസി ലക്ഷ്യമിടുന്നത്.