ആഗോളതാപനത്തില്‍ മനുഷ്യരാശിക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ കാലാവസ്ഥ നിരീക്ഷകര്‍. ചരിത്രത്തില്‍ ആദ്യമായി ആഗോളതാപനം കഴിഞ്ഞ 12 മാസത്തിനിടെ 1.5 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു.2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവിലാണ് ആഗോള താപനം റെക്കോര്‍ഡിലെത്തിയത്. ഇതോടെയാണ് 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി ലംഘിക്കുമെന്നും കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊടുങ്കാറ്റും വരള്‍ച്ചയും കാട്ടുതീയും ആഗോളതാപനത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്തു. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസവും താപനില വര്‍ധിക്കുന്നതിന് കാരണമായി. 1850 മുതല്‍ ഭൂമിയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായാണ് 2023നെ കണക്കാക്കുന്നത്. എന്നാല്‍ പാരീസ് ഉടമ്പടിയില്‍ നിര്‍ണയിച്ച 1.5 ശാസ്ത്രീയമായി ലംഘിച്ചിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
2015ലെ പാരീസ് ഉടമ്പടി പ്രകാരം പുനരുപയോഗ ഊര്‍ജമാര്‍ഗങ്ങള്‍ സ്വീകരിച്ച് ഫോസില്‍ ഇന്ധനങ്ങളുടെ അളവ് കുറയ്ച്ച് ആഗോളതാപന തോത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തണമെന്നാണ്. എന്നാല്‍ ഈ കരാറിന്റെ ദീര്‍ഘകാല ലക്ഷ്യം കൈവരിക്കാന്‍ എത്രകണ്ട് ലോകരാജ്യങ്ങള്‍ക്ക് സാധിക്കുമെന്നതാണ് വിഷയം.