ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ അപ്പീൽ തള്ളി ഹൈക്കോടതി. കേസിൽ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണൻ, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി. അതേസമയം, പി. മോഹനനെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ അപ്പീൽ പോകുമെന്ന് കെ കെ രമ പ്രതികരിച്ചു.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ, കെ കെ രമ, സർക്കാർ എന്നിവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളുടെ ശിക്ഷ ശരിവെച്ച കോടതി, കേസിൽ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണൻ, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടി റദ്ദാക്കി. അതേസമയം, പി. മോഹനന്‍ ഉള്‍പ്പെടെ 22 പേരെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
ജസ്റ്റിസ് ജയശങ്കരൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ടി.പിയുടെ തല തെങ്ങിൻപൂക്കുല പോലെ ചിതറുമെന്ന് പ്രസംഗിച്ച ആളാണ് കേസിൽ പത്താം പ്രതിയായിരുന്ന കെ.കെ കൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. മറ്റൊരു സി.പി.എം നേതാവാണ് ജ്യോതി ബാബു. ഇരുവർക്കുമെതിരെ ഗൂഢാലോചനാകുറ്റം ചുമത്താനാണ് കോടതി നിർദേശം. എന്നാൽ തങ്ങളെ കേസിൽ പ്രതി ചേർത്തതിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു പ്രതികളുടെ വാദം.
സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആർ.എം.പിക്കു രൂപം നൽകിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4 രാത്രിയിലായിരുന്നു ടി.പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.