ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം കടുപ്പിക്കാനൊരുങ്ങി യമനിലെ വിമതസംഘടനയായ ഹൂതികള്‍.ചെങ്കടലിലും അനുബന്ധ ജലപാതകളിലും ഇസ്രായേല്‍, യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് ഹൂതികള്‍ നിരോധനം ഏര്‍പ്പെടുത്തി.പൂര്‍ണ്ണമായോ ഭാഗികമായോ ഇസ്രായേലി വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതോ ഇസ്രായേല്‍ പതാകയുള്ള കപ്പലുകളുടെയോ യുഎസ് അല്ലെങ്കില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളതോ അവരുടെ പതാകകള്‍ക്ക് കീഴില്‍ സഞ്ചരിക്കുന്നതോ ആയ കപ്പലുകള്‍ ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ നിന്ന് നിരോധിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ലഘുലേഖകളില്‍ പറയുന്നു. ചെങ്കടലില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാവുകയാണെങ്കില്‍ അന്തര്‍വാഹിനികൾ ഉപയോഗിച്ചുള്ള ആക്രമണത്തിലേക്ക് തിരിയുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധസജ്ജമായ അന്തര്‍വഹിനികള്‍ ചെങ്കടലില്‍ തങ്ങള്‍ക്കുണ്ടെന്നാണ് ഹൂതികളുടെ അവകാശവാദം.