ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്ത് സമർപിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ഹർജിയിൽ കുറച്ചു കാര്യങ്ങള്‍ കൂടി പരിഗണിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി വിഷ്ണുനാരായണൻ, ടി.എൽ.സിജിത്ത്, പി.ആർ വിജീഷ് തുടങ്ങിയവർ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. 2015ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ ശബരിമല മേൽശാന്തി പദവി പൊതുവിലുള്ളതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു.