പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. ബിജെപിയുടെ കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. അരലക്ഷത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. പ്രധാനമന്ത്രിയുടെ സന്ദർശനം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനം. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. രാവിലെ തിരുവനന്തപുരത്ത് എത്തുന്നതോടെ പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നല്‍കും.മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ആദ്യം വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അരലക്ഷത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
കൂടാതെ പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍, ബിജെപിയുമായി ലയിക്കും. അതേസമയം, പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നതോടെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.