കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. കേന്ദ്രത്തിൽ നിന്ന് 4000 കോടി രൂപയെത്തി, ഇതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇനി വൈകില്ല.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോയത്. കേന്ദ്രത്തിൽ നിന്ന് 4000 കോടി രൂപ എത്തുമ്പോൾ ഈ പ്രതിസന്ധിക്കൊരു താൽക്കാലിക ആശ്വാസമാകും.
ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി, ഇനി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കൂടാതെ 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ട് ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെയാണ് കേരളത്തിന് 2736 കോടി രൂപ ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുന്നു എന്നാരോപിച്ച് ഡൽഹി സമരമുൾപ്പെടെ കേരള സർക്കാർ നടത്തിയിരുന്നു, അവകാശപ്പെട്ട പണം നൽകാതെ, കേന്ദ്രം തടഞ്ഞുവെക്കുന്നു എന്ന ആരോപണം ധനമന്ത്രിയും പലകുറി ആവർത്തിച്ചിരുന്നു.4000 കോടി രൂപ ലഭിക്കുന്നതോടെ സംസ്ഥാനം നേരിട്ടിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് കരുതുന്നത്.
അതേസമയം പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് പലിശ നിരക്ക് കൂട്ടിയത്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തി. ഇത് ഇന്ന് മുതൽ നടപ്പിൽ വരും.