ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമഗ്ര മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.ചെയ്യാത്ത തെറ്റിന് 72 ദിവസം ജെയിലില്‍ കഴിയേണ്ടി വന്നെന്നും അതിനാല്‍ 72 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍, എക്‌സൈസ് കമ്മിഷണര്‍, അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്നിങ്ങനെ ഒന്നു മുതല്‍ നാല് വരെയുള്ള എതിര്‍കക്ഷികള്‍ സമഗ്രമായ മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
ഈ മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും. ഷീല സണ്ണിയെ കുടുക്കി ജയിലിലടയ്ക്കാന്‍ എക്സൈസിനെ വഴിത്തെറ്റിച്ചയാള്‍ തൃപ്പുണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെ വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തത്. ബൈക്കിലും ബാഗിലും നിന്നും കണ്ടെത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ വ്യാജമെന്ന് തെളിഞ്ഞിട്ടും ഷീല ജയിലില്‍ കിടന്നത് 72 ദിവസമാണ്. ഷീലയെ അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.