പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി സിപിഎം. നിയമത്തിനെതിരെ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ബഹുജന റാലി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമേ സിപിഎം കടുത്ത എതിർപ്പ് ആണ് പ്രകടിപ്പിച്ചിരുന്നത്. ആ എതിർപ്പ് തന്നെ എപ്പോഴും നിലനിർത്തുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തം വ്യക്തമാക്കുന്നത്. അതോടൊപ്പം ശക്തമായ ബഹുജന മുന്നേറ്റത്തിന് ഒരുങ്ങുകയാണ് സിപിഎം. സമാന ചിന്താഗതി ഉള്ളവരെ മുഴുവൻ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസ് നിലപാട് വിപരീതമാണെന്ന് ആണ് സിപിഎമ്മിന്റെ ആരോപണം. സംസ്ഥാനത്ത് നിയമം നടപ്പാക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നതെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. ഇരു മുന്നണിക്കും വിഷയത്തിൽ ഒരേ സ്വരമാണെന്നും സിപിഎം ആരോപിക്കുന്നു.
നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പങ്കെടുക്കാമെന്നും സിപിഎം വ്യകതമാക്കുന്നുണ്ട്. പ്രക്ഷോഭത്തിൽ നിന്ന് ആരെയും മാറ്റി നിർത്തില്ലെന്നാണ് സിപിഎം നിലപാട്.