അഭിമന്യൂ വധക്കേസില്‍ രേഖകള്‍ പുനര്‍സൃഷ്ടിക്കുന്നതില്‍ കക്ഷികള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഇന്ന്. മാര്‍ച്ച് 18 തിങ്കളാഴ്ചയാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, മുറിവ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് നഷ്ടമായത്. രേഖകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നഷ്ടമായതായെന്ന് മനസ്സിലായതോടെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇവ പുനഃസൃഷ്ടിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് സെഷന്‍സ് കോടതി നോട്ടീസ് നല്‍കിയിരുന്നു.
മാര്‍ച്ച് 17-നു മുന്‍പ് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനായിരുന്നു നിര്‍ദേശം.നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ പ്രോസിക്യൂഷനില്‍ നിന്നാണ് തേടിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ നേരത്തെ കോടതിക്ക് കൈമാറിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ പ്രതികള്‍ക്കും കൈമാറിയിട്ടുണ്ട്.അതിനാല്‍ കോടതിയില്‍ നിന്നും രേഖകള്‍ നഷ്ടപ്പെട്ടാലും കേസിനെ അത് ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
കൊലപാതകം നടന്ന് ആറ് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കാണാതായത്. രേഖകള്‍ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.