പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്ക് എതിര് നില്‍ക്കുന്ന നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ അന്യ നിന്നെങ്കിലും മറ്റ് ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പല ശ്രമങ്ങളും നടത്താറുണ്ട്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പിന്‍ മുറക്കാരാകട്ടെ പാര്‍ലമെന്ററി ജനാധിപത്യം അംഗീരിച്ച് തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നു.
കെട്ട കാലത്തിന്റെ അമാവാസി കറുപ്പില്‍ നിന്നും ചുവന്ന പ്രഭാതങ്ങള്‍ സ്വപ്നം കണ്ട എഴുപതുകളിലെ കേരളീയ യുവത്വം. വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാന്‍ അവര്‍ സാഹസികതയുടെ ചുരം കയറി. അറുപതുകളുടെ അവസാനം തലശേരി-പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചാണ് നക്‌സലൈറ്റുകള്‍ ആക്ഷന് തുടക്കമിട്ടത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥി-യുവജന പ്രവര്‍ത്തകര്‍ വിപ്ലവത്തീ ചുവപ്പില്‍ മുങ്ങിനിവര്‍ന്നു. പത്ത് വര്‍ഷത്തോളം കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നക്‌സലൈറ്റ് വാര്‍ത്തകള്‍ ചോരപടര്‍ത്തി. തെരഞ്ഞെടുപ്പുകള്‍ പക്ഷേ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക് അലര്‍ജിയായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ സ്വീകരിച്ച തന്ത്രപരവും ഉറച്ചതുമായ നിലപാടുകള്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ വേരറുത്തു. പിന്നീട് രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിച്ച പഴയകാല വിപ്ലവ പ്രസ്ഥാനങ്ങളില്‍ പലതും തെരഞ്ഞെടുപ്പുകളില്‍ സജീവമായി. കക്ഷി രാഷ്ട്രീയത്തിന്റെ പ്രായോഗികതയും പ്രയോഗവും പയറ്റുകയും ചെയ്യുന്നു. പക്ഷേ വേണ്ടത്ര വിജയം കാണുന്നില്ലെന്ന് മാത്രം.