കാസര്‍ഗോഡ് ലോക്‌സഭാമണ്ഡലത്തില്‍ സാക്ഷാല്‍ ഇ കെ നായനാരെ ഇരുപത്തെട്ടായിരത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ച കടന്നപ്പള്ളി രാമചന്ദ്രന്‍ അഞ്ചാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയാണ് നടത്തിയത്.കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായിരിക്കെയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ കേരള രാഷ്ട്രീയത്തിലെ അതികായകനായ നായനാരെ മുട്ട് കുത്തിച്ചത്.
കേരളത്തിന്റെ ഏറ്റവും വടക്ക് സപ്ത ഭാഷ സംഗമ ഭൂമി.ചന്ദ്രഗിരിപ്പാലത്തിന് അപ്പുറം കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരവും കാസര്‍ഗോഡും ഇപ്പുറം ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം. ലോക്സഭാ മണ്ഡലം പിറന്നത് ഐക്യകേരളം ഉണ്ടായതിന്റെ തൊട്ടടുത്ത വര്‍ഷം.
1957- ല്‍. അതായത് രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ്. മണ്ഡല രൂപീകരണശേഷം നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണയൊഴിച്ച് ഇടതിനൊപ്പമായിരുന്നു കാസര്‍ഗോഡ്. മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസിന് ജയം രുചിക്കാനായത്. കാസര്‍ഗോഡിന്റെയും ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത് എ കെ ജിയില്‍ നിന്നാണ്. സ്വതന്ത്രനായി മത്സരിച്ച ബി. അച്യുത ഷേണായിയെ 5,145 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് എ.കെ. ഗോപാലന്‍ കാസര്‍ഗോഡിന്റെ ആദ്യ എം.പിയായി.
1962- ലും സി പി ഐ സ്ഥാനാര്‍ത്ഥിയായി എ.കെ.ജി തന്നെ മത്സരിച്ചു. 83,363 വോട്ടിലേക്ക് ലീഡ് ഉയര്‍ത്തി എ.കെ.ജി വീണ്ടും കാസര്‍ഗോഡിന്റെ എം.പിയായി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം നടന്ന 1967 ലെ പൊതുതെരഞ്ഞെടുപ്പിലും എ.കെ.ജി തന്നെ കാസര്‍ഗോഡ് ഇടതിന്റെ സ്ഥാനാര്‍ത്ഥി. സി പി എമ്മിന് അതൊരു അഭിമാന പോരാട്ടമായിരുന്നു. സി പി എം ടിക്കറ്റില്‍ മത്സരിച്ച എ.കെ.ജിക്ക് ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കി കാസര്‍ഗോഡ് ഒരു കമ്യൂണിസ്റ്റ് കോട്ടയാണെന്ന് ഉറപ്പിച്ചു. മണ്ഡല ചരിത്രത്തില്‍ ഇന്നേവരെ തകര്‍ക്കാനാവാത്ത ഭൂരിപക്ഷമായിരുന്നു അത്.
1957 മുതല്‍ 1971 വരെ കാസര്‍ഗോഡിനെ ആര്‍ക്കും തകര്‍ക്കാനാവാത്ത ചെങ്കോട്ടയാക്കി എ.കെ.ജി.1972- ല്‍ പക്ഷെ ആ കമ്യൂണിസ്റ്റ് കോട്ട ഒരു കെ.എസ്.യുക്കാരന്‍ പൊളിച്ചു. ഇന്നത്തെ കോണ്‍ഗ്രസ് എസ് നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി ആയിരുന്നു അത്. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു കടന്നപ്പള്ളി. എ.കെ.ജി മാറിയ ഒഴിവിലേക്ക് അന്ന് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ.കെ. നായനാരെ തോല്‍പ്പിച്ചാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി എന്ന ചെറുപ്പക്കാരന്‍ അന്ന് ഇടതുകോട്ട തകര്‍ത്തത്. 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കടന്നപ്പള്ളിയുടെ കന്നി ജയം.
1977- ലെ പൊതുതെരഞ്ഞെടുപ്പിലും കടന്നപ്പള്ളി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. സി പി എമ്മിന്റെ എം. രാമണ്ണറൈയെ ആയിരുന്നു കടന്നപ്പള്ളി തോല്‍പ്പിച്ചത്. പക്ഷെ ഭൂരിപക്ഷം 5,042 ആയി കുറയ്ക്കാന്‍ രാമണ്ണ റൈയ്ക്കായി. അടിയന്തരാവസ്ഥയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് ഇന്നത്തെ കോണ്‍ഗ്രസ് (എസ്)ലൂടെ കടന്നപ്പള്ളി രാമചന്ദ്രന്‍ ഇടതു പാളയത്തിലെത്തിയെങ്കിലും കേരള രാഷ്ട്രീയ ചരിത്രത്തിലെ അട്ടിമറികളില്‍ എന്നും എന്നും ഓര്‍മ്മിക്കുന്നതാണ് സാക്ഷാല്‍ ഇ.കെ നായനാര്‍ക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനോടേറ്റ തോല്‍വി.