എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എത്തി. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കാളിയായി.
പ്രവർത്തകരെ ആവേശ കൊടുമുടിയിൽ എത്തിച്ചാണ് നരേന്ദ്ര മോദിയുടെ റോഡ്ഷോ സമാപിച്ചത്. റോഡിന് ഇരുവശത്തുമായി തടിച്ച് കൂടിയ പ്രവർത്തകർ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്.പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ നിന്ന് അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കാളികളായി.രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ കേരളത്തിൻ്റെ ചുമതലയുള്ള പ്രഭാത പ്രകാശ് ജാവദേക്കർ , ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി. അവിടെ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്.
ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു.പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കനത്ത സുരക്ഷയാണ് പാലക്കാട് നഗരത്തിൽ ഏർപ്പെടുത്തിയത്.സംസ്ഥാനത്ത് അകൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണം തുടരുന്ന എൻ.ഡി.എയ്ക്ക് വേണ്ടി വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ പ്രചാരണത്തിനായി എത്തും.