വേനൽ കനത്തതോടെ വറ്റിവരണ്ട് ഉണങ്ങിയിരിക്കുകയാണ് ഭാരതപുഴ. മരിച്ചു കൊണ്ടിരിക്കുന്ന നിളയെ ഇനിയും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ.മരണ സമയം ഒന്ന് തൊണ്ട നനക്കാൻ കൊതിക്കുന്ന നിളയെ നോക്കി നെടുവീർപ്പിടുകയാണ് പ്രകൃതി സ്നേഹികൾ...
ഭാരതപുഴ, പേരാർ, നിള പേരുകൾ പലതുമുണ്ട്.തമിഴ്‍നാട്ടിലെ ആനമലയിൽ ഉത്ഭവിച്ച്,കരിമ്പനയുടെ നാട്ടിലെ സംസ്കാരവും പേറി മലപ്പുറത്തുകാർ തിരുവേഗപ്പുറത്തുനിന്നും ഏറ്റുവാങ്ങി കുമ്പിടി ,കുടല്ലൂർ,പള്ളിപ്പുറം , കുറ്റിപ്പുറം,തിരുനാവായ,ചമ്മ്രവട്ടം,പുറത്തൂർ വഴി മലബാറിന്റെ മക്കയായ പൊന്നാനിക്കടലിൽ യാത്ര മതിയാക്കുന്ന ഭാരതപുഴ.
പുഴ ഒഴുകിയിരുന്നത് ഒരു ജനവിഭാഗത്തിന്റെ കലാ,സാഹിത്യ ,ചരിത്ര,മത സംസ്കാരവും വഹിച്ചുകൊണ്ടായിരുന്നു.വേനല്‍ കടുത്തതോടെ ഭാരതപ്പുഴയുടെ ഭൂരിഭാഗം ഭാഗങ്ങളും വറ്റി. മൂന്ന് ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ ബുദ്ധിമുട്ടിലായി.
ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളം എടുക്കാന്‍ കഴിയുന്നത്. 175 പഞ്ചായത്തുകള്‍, എട്ട് നഗരസഭകള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല.
കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുമുണ്ട്, മണല്‍ കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയടത്തും മാത്രമാണ് വെള്ളമുള്ളത്. ഇത് തന്നെ ആവശ്യത്തിനില്ല. വര്‍ഷക്കാലത്തെ മൂന്ന് മാസം മാത്രമാണ് മുഴുവന്‍ ഭാഗത്തേക്കും വെള്ളം വ്യാപിക്കുന്നത്. വര്‍ഷങ്ങളായി ഭാരതപ്പുഴ നിറഞ്ഞൊഴുകിയിട്ട്. അശാസ്ത്രീയമായ മണല്‍ വാരലാണ് പുഴയെ ഈ നിലയിലെത്തിച്ചത്.
.പുഴയുടെ പല ഭാഗങ്ങളിലും ഇന്ന് മരങ്ങളും ചെടികളുമാണ്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി നിള മാറി. ഇതോടെ വലിയ പാരിസ്ഥിതിക പ്രശ്‌നം കൂടിയായി.വടക്കന്‍കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ സ്വാധീനമാണ് നിളക്ക്.
സംസ്കാരത്തിന്റെ കാര്യത്തിൽ വിള്ളൽ സംഭവിച്ചിട്ടില്ലേലും ഭാരത പുഴ ഇന്ന് മരണത്തെ മുന്നിൽ കണ്ട് തന്റെ മാറിൽ അവശേഷിക്കുന്ന ആ അവസാന നനവിനെയും തന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ ഒഴുകി കൊണ്ടിരിക്കുന്നു.
വേനല്‍ക്കാലത്ത് വെള്ളം വറ്റി മണല്‍പ്പരപ്പാകുമ്പോഴും നിളയുടെ സൗന്ദര്യം കുറയാറില്ല. മഴക്കാലത്ത് വീണ്ടും പൂര്‍ണഭാവത്തിലെത്തുന്ന ഭാരതപ്പുഴ കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ തന്നിൽ പ്രതീക്ഷ അർപ്പിക്കുന്നവരെ ചതിച്ചിട്ടുണ്ടായിരുന്നില്ല..
എന്നാൽ ഇന്ന് പുഴയുടെ ഭാവം തന്നെ മാറി .. കന്നുകാലികൾക്ക് മേയാൻ ഉള്ള പുൽത്തകിടികളായും വൈകുന്നേരങ്ങളിലെ കളി മൈതാനങ്ങളായും വഴി മാറി നിള.ആശങ്കയിലാണ് പ്രകൃതി സ്നേഹികൾ ഇടശ്ശേരി കവിതയിലെ വരികൾ പോലെ...
"കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍
അമ്പ പേരാറെ നീ മാറിപ്പോമോ
ആകുലായാമൊരഴുക്കുചാലായ്"