രാജ്യത്ത കോൺഗ്രസിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിചേർത്ത പ്രദേശമാണ് മധ്യ കർണാടകയിലെ ചിക്കമഗളൂരു. നെഹ്റു കുടുംബത്തിൻ്റെ തട്ടകമായ റായ്ബറേലിയിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ച ഇന്ദിര ഗാന്ധിക്ക് പുതുജീവൻ നൽകിയ മണ്ഡലമായ ചിക്കമഗളൂരു കോൺഗ്രസ് പ്രവർത്തകർക്ക് എന്നും അതിവൈകാരികത നിറഞ്ഞ മണ്ഡലം കൂടിയാണ്..
1977 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്താക്കെ കോൺഗ്രസ് തകർന്നടിഞ്ഞു. നെഹ്റു കുടുംബത്തിൻ്റെ തട്ടകമായ റായ്ബറേലിയിൽ ഇന്ദിര ഗാന്ധിയും, അമേഠിയിൽ മകൻ സഞ്ജയ് ഗാന്ധിയും അടക്കമുള്ള വൻമരങ്ങൾ കടപുഴകി വീണ തെരഞ്ഞെടുപ്പ്. പാർട്ടിയിൽ അഭ്യന്തര കലഹം രൂക്ഷമായതോടെ കോൺഗ്രസ് പിളർന്നു.
1978 ൽകോൺഗ്രസ് (ഐ) എന്ന പുതിയ പാർട്ടി രൂപീകരിച്ച് ഇന്ദിര ഗാന്ധി ചിക്കമഗളൂരുവിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയായിരുന്നു. എഴുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ദിരക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അപ്രതീക്ഷിതമായാണ് 46 വർഷം മുൻപ് 1978 നവംബറിലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി ചിക്കമഗളൂരുവിൽ മത്സരിക്കുന്നത്.
എം പിയായിരുന്ന കോൺഗ്രസ് നേതാവ് ഡി ബി ചന്ദ്ര ഗൗഡ ഇന്ദിരയ്ക്ക് മത്സരിക്കാനായി രാജിവയ്ക്കുകയായിരുന്നു. ആ വർഷം ആദ്യം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) മികച്ച വിജയം നേടിയിരുന്നു. ആ ആത്മവിശ്വാസമാണ് ഉത്തരേന്ത്യ വിട്ട് കന്നഡ മണ്ണിലെ സുരക്ഷിത മണ്ഡലം തേടാൻ ഇന്ദിരയെ പ്രേരിപ്പിച്ചത്.
ഒരു പെൺ സിംഹം, നൂറ് കുരങ്ങന്മാർ; ചിക്കമഗളൂർ, ചിക്കമഗളൂർ’ (ഏക് ഷെർണി, സൗ ലൻഗാർ; ചിക്കമഗളൂർ, ചിക്കമഗളൂർ) എന്ന മുദ്രാവാക്യമായിരുന്നു പാർട്ടി അണികൾ അന്ന് അവിടെ മുഴക്കിയത്. വിവിധ സോഷ്യലിസ്റ്റ് വിഭാഗങ്ങളും, ബ്രഹ്മാനന്ദ റെഡ്‌ഡി നയിക്കുന്ന ഔദ്യോഗിക കോൺഗ്രസ് പാർട്ടിയെയുമാണ് വാനരന്മാരായി ഇന്ദിരയും അണികളും ചിത്രീകരിച്ചത്.
കോൺഗ്രസിനുള്ളിൽ ബ്രഹ്മാനന്ദ റെഡ്‌ഡിയുടെയും വൈ ബി ചവാന്റെയും നേതൃത്വത്തിൽ ഇന്ദിരയുടെ നേതൃത്വത്തിനെതിരെ കലാപം തുടങ്ങി പാർട്ടി പിളർത്തിന് പിന്നാലെ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ 1978-ൽ കോൺഗ്രസ് (ഐ) എന്ന പുതിയ പാർട്ടി രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ ഫെബ്രുവരിയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) 44 ശതമാനത്തിലധികം വോട്ടും 179 സീറ്റും നേടി അധികാരം പിടിച്ചെടുത്തു.
യഥാർത്ഥ കോൺഗ്രസ്സ് രണ്ടു സീറ്റിൽ ഒതുങ്ങി. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ച പെൺ സിംഹം മുദ്രാവാക്യമാണ് രണ്ടു വർഷത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരുത്തുറ്റ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇന്ദിര ഗാന്ധിയെ മുൻനിർത്തി പ്രചാരണം നയിക്കാനും ജയിക്കാനും കോൺഗ്രസിനു ആത്മവിശ്വാസം നൽകിയത്.