കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഗൗരവമുള്ള ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹര്‍ജി അഞ്ചംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
കേരളമുന്നയിച്ചത് ഭരണഘടനാ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്.
293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാല്‍ വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാന ഹര്‍ജിക്കൊപ്പം അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ
ആവശ്യവും സുപ്രീംകോടതി തള്ളി. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും കോടതി ഇടപെടലിലൂടെ കേരളത്തിന് 13,608 കോടി വായ്പയെടുക്കാന്‍ കഴിഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടതോടെ അന്തിമതീരുമാനം ആകുന്നത് വൈകും. കഴിഞ്ഞ മാസം ആദ്യം കേസ് പരിഗണിച്ച സുപ്രീം കോടതി കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടിരുന്നു.
ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദേശിച്ചത്. കടമെടുപ്പില്‍ വെട്ടിക്കുറയ്ക്കല്‍ നടന്നെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പില്‍ കേന്ദ്രം കൈകടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.