കേരള രാഷ്ട്രീയത്തിലെ വന്‍മരമായിരുന്ന പി.ടി.ചാക്കോ ഒരിക്കല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് രാജി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ തെരഞ്ഞെടുപ്പില്‍ പഴയ മീനച്ചില്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗമായ പി.ടി.ചാക്കോ ഒരു വര്‍ഷത്തിന് ശേഷം അംഗത്വം രാജി വെക്കുകയായിരുന്നു.
മീനച്ചിലില്‍ നിന്ന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി.ടി.ചാക്കോയുടെ വിജയം. ഒരു വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. തിരുവിതാംകൂര്‍ നിയമസഭയിലും തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്ന ചാക്കോ ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ഉയരുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വഴിയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി പല കാര്യങ്ങളിലും പി.ടി.ചാക്കോക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ആദ്യ ലോക്‌സഭയില്‍നിന്ന് രാജിവെച്ചതില്‍പ്പിന്നെ പി.ടി. ചാക്കോ പൂര്‍ണ്ണമായും സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. ആദ്യത്തെ ഐക്യകേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായി. 1960-64-ല്‍ പട്ടത്തിന്റേയും ആര്‍. ശങ്കറിന്റേയും മന്ത്രിസഭയില്‍ ആഭ്യന്തരവും റവന്യൂവും കൈകാര്യം ചെയ്തു.
ഔദ്യോഗിക വാഹനത്തില്‍ ഒരു സ്ത്രീയെ കണ്ടുവെന്ന പ്രശ്‌നത്തില്‍ ആരോപണവും പ്രചരണവും രൂക്ഷമായതോടെ മന്ത്രിസ്ഥാനം രാജിവെച്ച ചാക്കോ വീണ്ടും അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും അകാലത്തില്‍ മരിച്ചു. ഈ സംഭവങ്ങള്‍ അധികം വൈകാതെ കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലെത്തി. അങ്ങനെയാണ് കേരളരാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിറവി.