പത്തനംതിട്ട: എ കെ ആന്റണിയും മകനും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ഥിയുമായ അനിൽ ആന്‍റണിയും നേര്‍ക്കുനേര്‍. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പിതാവിനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്റണി. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയിൽ അനിൽ ആന്‍റണി തോല്‍ക്കുമെന്നും താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും എ കെ ആന്‍റണി പറഞ്ഞതിനെതിരെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്‍റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും ചെയ്യുന്ന എ കെ ആൻ്റണിയോട് സഹതാപമെന്നാണ് അനിൽ അന്‍റണിയുടെ പ്രതികരണം.
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണെന്നായിരുന്നു എ കെ ആന്‍റണി പറഞ്ഞത്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആ ഭാഷ തനിക്ക് വശമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ആന്‍റോ ആന്റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും എ കെ ആന്‍റണി വ്യക്തമാക്കി.