ഇസ്ലാമാബാദ്: സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്. ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്താനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എക്സിന് താത്കാലിക നിരോധനമാണ് ഏർപ്പെടുത്തിയിരുന്നത്.
പാകിസ്താൻ സർക്കാരിന്റെ നിയമാനുസൃത നിർദേശങ്ങൾ പാലിക്കുന്നതിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും എക്സ് പരാജയപ്പെട്ടത് നിരോധനം ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്. പാകിസ്താൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യൽ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം ആരോപിച്ചു.