Share this Article
ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 20-04-2024
1 min read
toddler-girl-death-chocolate

ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്.

പട്യാലയിലെ ബേക്കറിയിൽനിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകൾ റാബിയ മരിച്ചതെന്ന് 'ന്യൂസ് 9 ലൈവ്' ഉൾപ്പടെ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നാണ്  മാതാപിതാക്കൾ പറയുന്നത്. 

ഏതാനും ദിവസങ്ങൾക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. വീട്ടിൽനിന്നു ബന്ധുക്കൾ നൽകിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്.

ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചോക്ലേറ്റ് ഉൾപ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകൾ ശേഖരിച്ചു. കാലാവധി തീർന്നതും പഴകിയതുമായ വസ്തുക്കളും കടയിൽനിന്നു പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കടയുടമകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പട്യാലയിൽ തന്നെ കേക്ക് കഴിച്ച് 10 വയസുകാരി മരിച്ചിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് നഗരത്തിലെ ബേക്കറിയിൽനിന്നു വാങ്ങിയ കേക്ക് കഴിച്ചായിരുന്നു പെൺകുട്ടിയുടെ മരണം. കേക്ക് കഴിച്ച മുത്തച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളും രോഗബാധിതരായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories