ബിഎല്‍ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്തതായി പരാതി. ജീവിച്ചിരിക്കുന്നയാള്‍ മരിച്ചതായി കാണിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേര് നീക്കം ചെയ്‌തെന്നാണ് ആരോപണം.
പോരുവഴി കമ്പലടി കോടംതോപ്പില്‍ ഹനീഫ റാവുത്തര്‍ എന്നയാളാണ് ജീവിച്ചിരിക്കെ മരിച്ചെന്ന് കാണിച്ച് ബിഎല്‍ഒ റിപ്പോര്‍ട്ട് നല്‍കിയത്.സര്‍വീസ് പെന്‍ഷന്‍ ഉള്‍പ്പെടെ വാങ്ങുന്നയാളാണ് ഹനീഫ റാവുത്തര്‍ .വീട്ടില്‍ ചെന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍ അന്വേഷിച്ചതിന് ശേഷമാണ് ഫൈനല്‍ ലിസ്റ്റില്‍ നിന്നും പേര് വെട്ടി മാറ്റിയത്.
80 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടിലെത്തി വോട്ട് ചെയ്യുന്നതിന് അപേക്ഷയും നല്‍കി കാത്തിരിക്കുമ്പോളാണ് മരിച്ചതായി കാണിച്ചുളള റിപ്പോര്‍ട്ട് ഹനീഫയെ തേടിയെത്തിയത്. ഓഫീസര്‍മാര്‍ വീട്ടിലെത്തി വോട്ട് ചെയ്യിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹനീഫ റാവുത്തര്‍ മരിച്ചെന്ന് കാണിച്ച് ബിഎല്‍ഒ റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നത്.
ജീവിച്ചിരിക്കുന്ന താന്‍ മരിച്ചതായി കാണിച്ച് തന്റെ വോട്ടവകാശം നിഷേധിച്ചാല്‍ പോളിങ്ങ് ബൂത്തിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഹനീഫ റാവുത്തര്‍ പറയുന്നു.അതേസമയം ഹനീഫ റാവുത്തറുടെ പേര് ബോധപൂര്‍വം വെട്ടിമാറ്റിയതാണെന്ന് സിപിഐഎം ശൂരനാട് ഏരിയകമ്മിറ്റി അംഗം അക്കരയില്‍ ഹുസൈന്‍ ആരോപിച്ചു.