11 ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞ്കിടക്കുന്നുണ്ടെന്ന് പുതിയ പഠനം.സി.എസ്.ഐ.ആര്‍.ഒ യും ടൊറന്റോ സര്‍വകലാശാലയും ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
സമുദ്രോപരിതലത്തിലുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ നൂറ് മടങ്ങ് അളവിലുള്ള മാലിന്യം അടിത്തട്ടിലുണ്ടായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.സി.എസ്.ഐ.ആര്‍.ഒ യുടെ തന്നെ എന്‍ഡിങ് പ്ലാസ്റ്റിക് വേസ്റ്റ് മിഷന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഗവേഷണം നടത്തിയത്.
ഓരോ ദിവസവും ഒരു ഗാര്‍ബേജ് ട്രക്കിന്റെ അത്ര മാലിന്യം കടലിലെത്തുന്നുണ്ടെന്നാണ് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.സമുദ്രോപരിതലത്തില്‍ എത്തുന്ന മാലിന്യങ്ങളാണ് പിന്നീട് അടിത്തട്ടിലേക്കെത്തുന്നത്.
മാലിന്യങ്ങള്‍ സമുദ്രത്തിലെത്തുന്നത് തടഞ്ഞാല്‍ മാലിന്യ തോത് കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2040 ഓടെ ഇരട്ടിയാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയെ ത്വരിതപ്പെടുത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനും വേര്‍തിരിച്ചെടുക്കാനുമുള്ള സമുദ്രത്തിന്റെ ശേഷിയെ ഇത് തടസ്സപ്പെടുത്തുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.പ്ലാസ്റ്റിക് കുപ്പികള്‍,ബാഗുകള്‍.മറ്റ് ഡിസ്‌പോസിബിള്‍ വസ്തുക്കള്‍,ഉപയോഗശൂന്യമായ മത്സ്യബന്ധന ഉപകരണങ്ങള്‍ വരെ സമുദ്രഅടിത്തട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ പോലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട്.