സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിനോട് വീണ്ടും ഉന്നയിച്ച് കെഎസ്‌ഇബി.സർവകാല റെക്കോർഡ് ഭേദിച്ചാണ് വൈദ്യുതി ഉപഭോഗമെന്നും ഇത് കുറയ്‌ക്കുന്നതിനായി പവർകട്ട് ഏർപ്പെടുത്തണമെന്നുമാണ് കെഎസ്‌ഇബിയുടെ ആവശ്യം.
വൈദ്യുതി ഉപഭോഗം വർധിച്ചത് മൂലം ഓവർ ലോഡ് കാരണം ട്രാൻസ്‌ഫോമറുകള്‍ അടിച്ചു പോകുന്ന സാഹചര്യം പതിവായ സാഹചര്യത്തിലാണ് കെഎസ്‌ഇബി വീണ്ടും പവർ കട്ട് ആവശ്യം ഉന്നയിച്ചത്.പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും.
വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.ഇതുവരെ 700ല്‍ കൂടുതല്‍ ട്രാൻസ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവർലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാൻസ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11.3 ദശലക്ഷം യൂണിറ്റായിരുന്നു. വേനല്‍ക്കാലം രൂക്ഷമാകുന്നതിനൊപ്പം കെഎസ്‌ഇബി പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
ഇതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി സംഘടിപ്പിക്കുമെന്നും കെഎസ്‌ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം കെഎസ്‌ഇബിയുടെ അപ്രഖ്യാപിത പവർകട്ടില്‍ ജനം വലയുകയാണ്. മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ അപ്രഖ്യാപിത പവർകട്ടിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.