ചെന്നൈ: ബിജെപിയും എഐഎഡിഎംകെയും അടുത്ത തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് സഖ്യ പ്രഖ്യാപനമുണ്ടായത്. ചെന്നൈയില്‍ ബിജെപിയുടേയും എഐഎഡിഎംകെയുടേയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കൊടുവിലാണ് സഖ്യതീരുമാനമുണ്ടായത്. തമിഴ്നാട്ടിലെ അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും എന്‍ഡിഎ സഖ്യമായി മത്സരരംഗത്തുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. സഖ്യം പ്രഖ്യാപിക്കുന്ന വേദിയില്‍ അണ്ണാമലൈയും ഉണ്ടായിരുന്നു.ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്‌നാട്ടില്‍ പളനിസ്വാമിയുടെ നേതൃത്വത്തിലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അണ്ണാമലയ്ക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനുപിന്നാലെയാണ് സഖ്യപ്രഖ്യാപനം നടന്നത്. സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് അണ്ണാമലൈയെ നീക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.അണ്ണാമലൈയെ നീക്കിയാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് എഐഎഡിഎംകെ അറിയിച്ചതായാണ് സൂചന. സംസ്ഥാനപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് പാര്‍ട്ടിയുടെ 10വര്‍ഷത്തെ പ്രാഥമികാംഗത്വം വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന് വേണ്ടി ഇക്കാര്യത്തില്‍ ഇളവ് നല്‍കി. 2017 ലാണ് നൈനാര്‍ നാഗേന്ദ്രന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഐഎഡിഎംകെയ്ക്ക് കൂടി താല്‍പര്യമുള്ളയാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.