Share this Article
Union Budget
തെറ്റുപറ്റിയത് മെഷീന് തന്നെ!; പാലോട് റൂട്ടിലെ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസറുടെ കണ്ടെത്തൽ; കെഎസ്ആർടിസിയിലെ 'ബ്രത്തലൈസർ' വിവാദം തീരുമ്പോൾ....
വെബ് ടീം
posted on 11-04-2025
1 min read
jayapraksh

തിരുവനന്തപുരം പാലോട് ബ്രത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാം. ചീഫ് ഓഫീസില്‍ എത്തിച്ച് മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് നിര്‍ദേശം.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ജയപ്രകാശിനെ ചീഫ് ഓഫീസില്‍ എത്തിച്ച് തിരികെ കൊണ്ടുപോയത്.പാലോട് ബസ് സ്റ്റേഷനില്‍ രാവിലെ ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവര്‍ ജയപ്രകാശ് ബ്രത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലാത്തതിനാല്‍ രക്ത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ജയപ്രകാശ് കുടുംബത്തോടൊപ്പം എത്തി ബസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.

എന്നാല്‍ വീണ്ടും പരിശോധന നടത്തുന്നതിനോട് കെഎസ്ആര്‍ടിസി അനുകൂല സമീപനം സ്വീകരിച്ചില്ല.മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ കെഎസ്ആര്‍ടിസി നിലപാട് തിരുത്തി. എന്നാല്‍ പരിശോധന എങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. ഒടുവില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഡി ടി ഒയുടെ നേതൃത്വത്തില്‍ ജയപ്രകാശിനെ വൈകുന്നേരത്തോടെ ചീഫ് ഓഫീസില്‍ എത്തിച്ചു. സിഎംഡി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീണ്ടും പരിശോധന നടത്തി. ഇതില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ജയപ്രകാശിന് നാളെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാം. കൊണ്ടുവന്നതുപോലെ ആരും അറിയാതെ തിരികെ മടക്കം.

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും.ജയപ്രകാശ് ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രത്തലൈസര്‍ കൃത്യമായി അല്ല പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ മെഷീനും പരിശോധനയ്ക്കായി ചീഫ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories