കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. എസ്‌ഐടി കൊലപാതക സാധ്യത പരിശോധിക്കണമെന്നും ണ്ണൂര്‍ റെയ്ഞ്ച് ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
എസ്‌ഐടി അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ അനുമതിക്ക് ശേഷമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ. എസ്‌ഐടി കൊലപാതക സാധ്യത പരിശോധിക്കണം. സിബിഐക്ക് പകരം കണ്ണൂര്‍ ഡിഐജിയുടെ മേല്‍നോട്ടത്തിലുള്ള സംഘം കേസ് അന്വേഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി പ്രധാനമായും ചൂണ്ടകാട്ടിയത്.
മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. സിപിഐഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് മറ്റൊരു ആരോപണം.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇന്‍ക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദവും ഹര്‍ജിയിലുണ്ട്. എന്നാല്‍ ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്തുള്ള സര്‍ക്കാര്‍വാദം. എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നാണ് സി.ബി.ഐ വ്യക്തമാക്കിയത്.
ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് അറിയിച്ച മഞ്ജുഷ, ഹൈക്കോടതി വധിയില്‍ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി. അപ്രതീക്ഷിത വിധിയെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും നവീന്‍ ബാബുവിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബാബുവും പ്രതികരിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തായിരുന്നു ഹര്‍ജി പരിഗണിച്ചത്.