വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്. നാളെ സംസ്ഥാന ഐടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.
സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രനേർസിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
അക്ഷയ സേവനങ്ങളുടെ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, കൂടുതൽ സർക്കാർ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെ അനുവദിക്കുക, വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങളെ നിയന്ത്രിക്കുക, അക്ഷയ കേന്ദ്രങ്ങൾക്ക് നിയമ പരിരക്ഷ നൽകുക തുടങ്ങി 12 ഇനം ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കുന്നത്.
അക്ഷയ സംരംഭകർ ഇന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഫേസിന്‍റെ സംസ്ഥാന അധ്യക്ഷൻ സ്റ്റീഫൻ ജോൺ പറഞ്ഞു.
നാളെ നടക്കുന്ന മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, സി. പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ മുഖ്യഥിതിയാകും.മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
അക്ഷയ സെന്ററിന്റെ നിലനിൽപ്പിനു വേണ്ടി പോരാടുന്ന സംഘടനയായ ഫേസിൻ്റെ ആഹ്വാനത്തോടെ അക്ഷയ സംരംഭകർ തലസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ സമരമാണിത്.