Share this Article
സൈന്യത്തിന്റെ മനുഷ്യ പിരമിഡിന് ലോക റെക്കോര്‍ഡ്‌
World Record Set for Largest Human Pyramid by Military Personnel

ചലിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഏറ്റവും ഉയരമുള്ള 'മനുഷ്യ പിരമിഡ്'. കരസേനയുടെ ഡെയര്‍ഡെവിള്‍സിന് ലോക റെക്കോര്‍ഡ്. റിപ്പബ്ലിക് ദിന പരേഡിലെ അഭ്യാസ പ്രകടനത്തിലാണ് സൈന്യം മനുഷ്യ പിരമിഡ് റൈഡ് സജ്ജമാക്കുന്നത്.

ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിര്‍മ്മിച്ച കരസേനയുടെ മോട്ടോര്‍സൈക്കിള്‍ റൈഡര്‍ ഡിസ്‌പ്ലേ സംഘത്തിനാണ് ലോക റെക്കോര്‍ഡ് ലഭിച്ചത്. സൈന്യത്തിന്റെ ഡെയര്‍ഡെവിള്‍സ് ടീമാണ് മോട്ടോര്‍ സൈക്കിള്‍ റൈഡിനിടെ ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിര്‍മ്മിച്ചത്.

ഏഴ് മോട്ടോര്‍ സൈക്കിളുകളിലായി 40 പേര്‍ ഉള്‍പ്പെടുന്ന 20.4 അടി ഉയരമുള്ള പിരമിഡാണ് സൈനികര്‍ നിര്‍മ്മിച്ചത്. വിജയ് ചൗക്ക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ കര്‍ത്തവ്യ പഥിലൂടെ 2 കിലോമീറ്റര്‍ ദൂരം മനുഷ്യ പിരമിഡ് നിര്‍മ്മിച്ച് സഞ്ചരിക്കുകയും ചെയ്തു. വിജയ് ചൗക്കില്‍ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍ സേനയുടെ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.വി കുമാറാണ് പ്രകടനം ഫ്‌ലാഗ് ഓഫ് ചെയ്തത്.

'ഡെയര്‍ഡെവിള്‍സ്' എന്നറിയപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ റൈഡര്‍ ഡിസ്‌പ്ലേ ടീം കരസേനയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സില്‍ ഉള്‍പ്പെട്ടവരാണ്. മുന്‍പും നിരവധി നേട്ടങ്ങളും ബഹുമതികളും ഈ സൈനിക സംഘം കൈവരിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയുള്‍പ്പെടെ 33 ലോക റെക്കോര്‍ഡുകള്‍ ഇതിനോടകം ഡെയര്‍ഡെവിള്‍സിന്റെ പേരിലുണ്ട്.

ഡെയര്‍ഡെവിള്‍സ് വിഭാഗം 1935-ല്‍ രൂപീകരിച്ചതുമുതല്‍ ഇന്നുവരെ ഏകദേശം 1,600 മോട്ടോര്‍സൈക്കിള്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡില്‍ കൗതുകം ജനിപ്പിക്കുന്ന പ്രകടനമാണ് ഇവര്‍ ഓരോ വര്‍ഷവും കാഴ്ചവെയ്ക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories