ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ കോൺഗ്രസ് തോൽവി അന്വേഷിച്ച കെപിസിസി സമിതിയുടെ റിപ്പോർട്ട് പുറത്ത്. തെരഞ്ഞെടുപ്പിൽ ജില്ലയിലെ സംഘടന സംവിധാനം പൂർണമായി പരാജയപ്പെട്ടുവെന്നും കെപിസിസി നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
അതേസമയം പുറത്തുവന്നത് കെപിസിസിയുടെ റിപ്പോർട്ടല്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പറയുന്നത്. തനിക്കെതിരെ ഗൂഢാലോചന നടത്തി വ്യാജവാർത്ത നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് മുൻ എംഎൽഎ അനിൽ അക്കര പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 18 ലും സീറ്റിലും മികച്ച മാർജിനിൽ വിജയിച്ച കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു തൃശ്ശൂരിലെ പരാജയം. ലീഡർ കെ കരുണാകരന്റെ തട്ടകത്തിൽ മകൻ മുരളീധരൻ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കെപിസിസി പ്രത്യേക സമിതിയെ നിയോഗിച്ച് തോൽവിയെക്കുറിച്ച് പഠിച്ചത്.
തൃശ്ശൂരിലെത്തി താഴെ തട്ട് മുതലുള്ള നേതാക്കളെ കണ്ടു അഭിപ്രായം അറിഞ്ഞും മൂന്ന സമിതി തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ കെപിസിസി നേതൃത്വത്തിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിലെന്ന് പറയപ്പെടുന്ന ഭാഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച സംഭവിച്ചു എന്ന് പറയുന്ന റിപ്പോർട്ടിൽ. പ്രാദേശിക തലം മുതൽ കെപിസിസി നേതൃത്വം വരെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലക്കാരായിരുന്ന മുൻ എം പി ടി.എൻ പ്രതാപൻ , ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ , യുഡിഎഫ് കൺവീനർ എംപി വിൻസെന്റ് , മുൻ എം.എൽ.എ അനിൽ അക്കര എന്നിവരുടെ വീഴ്ചകൾ എണ്ണിപ്പറയുന്നുണ്ട്. പരാജയ കാരണങ്ങൾക്കൊപ്പം തുടർനടപടികൾ സംബന്ധിച്ച് ഉപ സമിതിയുടെ നിർദ്ദേശങ്ങളും പുറത്തുവന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇത് KPCC സമിതി തയ്യാറാക്കിയ റിപ്പോർട്ട് അല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പറയുന്നത്.
ഉപസമിതി തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിടുമെന്ന് തൃശ്ശൂർ ജില്ലയുടെ ചുമതയുള്ള കെപിസിസി സെക്രട്ടറി A A ഷുക്കൂർ പറഞ്ഞു. വ്യാജ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ആരാണെന്ന് കാര്യം അന്വേഷിക്കുമെന്നും പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് ഇതിൽ പങ്കുണ്ടോ എന്ന് കണ്ടെത്തുമെന്നും ഷുക്കൂർ വ്യക്തമാക്കി.
റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് എന്നും അനിലക്കര എംഎൽഎ. കെപിസിസിയുടെ പേരിൽ വ്യാജരേഖ ചമച്ച് തനിക്കെതിരെ നടന്ന ഗൂഢാലോചനയിൽ പോലീസിലും വാർത്ത വിതരണ മന്ത്രാലയത്തിലും പരാതി നൽകിയതായും അനിൽ പറഞ്ഞു.
അതേസമയം എന്ന പേരിൽ പുറത്തുവന്ന റിപ്പോർട്ട് കെപിസിസി ഉപസമിതി തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ട് തന്നെയാണെന്നാണ് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം പറയുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വവും ജാളിതയും മറക്കാനാണ് നേതാക്കൾ റിപ്പോർട്ട് മറച്ചുപിടിക്കുന്നത് എന്നും ഇവർ പറയുന്നു. എന്നാൽ നിലവിലെ വിവാദങ്ങളോട് കെ മുരളീധരനോ അടുത്ത അനുകൂലികളോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.