രാജസ്ഥാനിലെ വനവാസി മേഖലകളില്‍ വ്യാപക സിക്കിള്‍ രോഗ ബാധ. വനവാസി വിഭാഗങ്ങളുടെ ആധിപത്യമുള്ള ഒമ്പത് ജില്ലകളില്‍ നിന്നുള്ള 10,000-ത്തിലധികം ആളുകള്‍ക്ക് രാഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലകളില്‍ 2980 പേരില്‍ സിക്കിള്‍ സെല്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.7,766 പേരില്‍ പ്രാഥമിക ലക്ഷണങ്ങളും കണ്ടെത്തി. സംസ്ഥാനത്തെ വനവാസി ആധിപത്യമുള്ള ബരന്‍, രാജ്സമന്ദ്, ചിറ്റോര്‍ഗഡ്, പാലി, സിരോഹി, ദുന്‍ഗര്‍പൂര്‍, ബന്‍സ്വര, പ്രതാപ്ഗഡ്, ഉദയ്പൂര്‍ എന്നീ ജില്ലകളിലാണ് രോഗം വ്യാപിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗംപേരും സ്ത്രീകളാണ്.
വനവാസി മേഖലകളില്‍ രോഗം പടരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ലെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. എച്ച്.എല്‍. തബിയാര്‍ വ്യക്തമാക്കി. ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിഷയത്തില്‍ പഠനം ആരംഭിച്ചിട്ടുണ്ട്.
ചുവന്ന രക്താണുക്കളില്‍ ഓക്സിജന്‍ വഹിക്കുന്ന പ്രധാന പ്രോട്ടീനായ ഹീമോഗ്ലോബിനെ ബാധിക്കുന്ന വൈകല്യമാണ് ഈരോഗം.
സാധാരണയായി, ചുവന്ന രക്താണുക്കള്‍ ഡിസ്‌ക് ആകൃതിയിലുള്ളതും വഴക്കമുള്ളതുമാണ്, അതിനാല്‍ അവ്ക്ക് രക്തക്കുഴലുകളിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ സിക്കിള്‍ സെല്‍ രോഗ ബാധിതര്‍ക്ക്, ഹീമോഗ്ലോബിന്‍ തന്മാത്രയെ ബാധിക്കുന്ന ഒരു ജീന്‍ മ്യൂട്ടേഷന്‍ കാരണം ചുവന്ന രക്താണുക്കള്‍ 'അരിവാള്‍' ആകൃതിയിലായിരിക്കും.
ചുവന്ന രക്താണുക്കള്‍ അരിവാള്‍ പോലെയാകുമ്പോള്‍, അവ വളയുകയോ എളുപ്പത്തില്‍ ചലിക്കുകയോ ചെയ്യില്ല, മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് വിട്ടുമാറാത്ത വേദന, സ്ട്രോക്ക്, ശ്വാസകോശ പ്രശ്നങ്ങള്‍, നേത്ര പ്രശ്നങ്ങള്‍, അണുബാധകള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.