അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെ പ്രക്ഷോഭത്തിനൊരുങ്ങി ലോറി ഉടമകള്‍. ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളുടെയും ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു.
മാര്‍ച്ച് മാസം ആദ്യം സമരം ആരംഭിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ലോറികളുടെ മിനിമം വാടക, കിലോമീറ്റര്‍ വാടക, ഹാള്‍ട്ടിങ് വാടക എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിറ്റി നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുക, ചരക്കുവാഹനങ്ങളില്‍നിന്ന് നിയമവിരുദ്ധമായി ഈടാക്കുന്ന അട്ടിക്കൂലി- മറിക്കൂലി, കെട്ട് പൈസ എന്നിവ നിര്‍ത്തലാക്കുക, ലോറിവാടകയില്‍നിന്ന് ഇത്തരം കൂലികള്‍ ഒഴിവാക്കി ചരക്കു വാങ്ങുന്നയാളോ ചരക്കിറക്കുന്നയാളോ ഉത്തരവാദിത്വം ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ടിപ്പര്‍ലോറികള്‍ക്ക് സ്‌കൂള്‍ സമയങ്ങളില്‍ ഏര്‍പ്പടുത്തിയിട്ടുള്ള സമയ നിയന്ത്രണം പൂര്‍ണമായും എടുത്തുകളയണമെന്നും ആവശ്യപ്പെട്ടാണ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പലകുറി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു പ്രയോജനം ഉണ്ടായിട്ടില്ല. പരിശോധനകളുടെ പേരില്‍ അധികൃതര്‍ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഒരു വിഭാഗം ലോറി ഉടമകള്‍ ആരോപിക്കുന്നു.