വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വാര്‍ഡ് പത്തില്‍ 42, പതിനൊന്നില്‍ 29, പന്ത്രണ്ടില്‍ 10 കുടുംബങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ ഇന്ന് ദുരന്തമേഖലയില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരന്തബാധിതര്‍ പ്രതിഷേധിക്കുന്നത്.