തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനെ റിമാന്‍ഡ് ചെയ്തു. എലി വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് അഫാനെ മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ഇയാള്‍ തുടരും.പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നെടുമങ്ങാട് കോടതി രണ്ട് മജിസ്‌ട്രേറ്റ് പി ആര്‍ അക്ഷയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി അഫാനെ റിമാന്‍ഡ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്‌സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.