താനൂരില്‍നിന്നും നാടുവിട്ട് മഹാരാഷ്ട്രയിലെ പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കാൻ മാതാപിതാക്കളും സഹോദരങ്ങളും എത്തിയിരുന്നു.
കണ്ണീരോടെയാണ് മാതാപിതാക്കള്‍ മക്കളെ സ്വീകരിച്ചത്. നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടർന്ന് സി.ഡബ്ല്യു.സിയില്‍ ഹാജരാക്കും. ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം വിടും എന്നാണ് വിവരം.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി അക്ബർ റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നേരത്തെ മുംബൈയില്‍നിന്ന് തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, പെണ്‍കുട്ടികള്‍ക്ക് കൗണ്‍സെലിങ് നല്‍കുമെന്നും മാനസിക പിന്തുണ ഉറപ്പാക്കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ബുധനാഴ്ചയാണ് പരീക്ഷ എഴുതാൻ പോയ പെണ്‍കുട്ടികളെ കാണാതായത്. പുണെയിലെ ലോണാവാല റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഒടുവില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്.