തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത് സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളത്തേയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭരണത്തോട് കല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ഒരു വര്‍ഗീയശക്തിയും കേരളത്തിലില്ല. അങ്ങനെ ഭരിക്കാൻ ആത്മധൈര്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍.
വര്‍ഗീയ സംഘര്‍ഷമൊന്നുമില്ലാത്ത ഒരു നാടാണ് കേരളമെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ജനപ്രതിഷേധങ്ങള്‍ക്ക് നേര്‍ക്ക് ഒരു വെടിവെപ്പ് പോലും ഉണ്ടാകാത്ത നാട്. എല്ലാതലത്തിലും സമാധാനം പുലരുന്ന നാടായി കേരളം എന്തുകൊണ്ടാണ് മാറുന്നതെന്ന് ശ്രദ്ധിക്കണം. വര്‍ഗീയ സപര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരും ക്രമസമാധാനം തകര്‍ത്ത് സൈ്വര്യജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ഈ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം ശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരു ഭരണസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അതാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നാട് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.'രാഷ്ട്രീയം മാറുമ്പോള്‍ സാമൂഹ്യ ജീവിതത്തിലും ചില മാറ്റങ്ങള്‍ വരുന്നുണ്ട്. സമാധാനത്തിലേക്കും ശാന്തിയിലേക്കും മാറിയ ഒരു കേരളത്തേയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. വിവിധ വര്‍ഗീയ ശക്തികളുണ്ട്. അവര്‍ക്ക് തരാതരം വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തില്‍ അധികാരം നിലനിര്‍ത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളത്. അതിന് കുറച്ചൊരു ആത്മധൈര്യം വേണം. വര്‍ഗീയ വിധ്വസംക പ്രവര്‍ത്തനങ്ങളെ ഉരുക്കുമുഷ്ടിയോട് നേരിടാന്‍ കഴിയുന്നുണ്ട്.നിങ്ങള്‍ ഞങ്ങളുടെ ശക്തികൊണ്ട് അധികാരത്തില്‍ വന്നവരല്ലേ. ഇനിയും നിങ്ങള്‍ക്ക് അധികാരത്തില്‍ വരേണ്ടതല്ലേ. അതുകൊണ്ട് പിടിച്ചുവെച്ച ഞങ്ങളുടെ ആളെ വിടൂ എന്ന് ഒരു വര്‍ഗീയ ശക്തിക്കും ഇന്ന് കേരളത്തില്‍ പറയാന്‍ കഴിയില്ല. ഈ ഭരണത്തോട് അങ്ങനെയൊരു കല്‍പന നടത്താന്‍ ഒരു വര്‍ഗീയ ശക്തിയും കേരളത്തിലില്ല. ഒമ്പത് വര്‍ഷം മുമ്പുള്ള സ്ഥിതി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. പോലീസിന് ന്യായമായും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അനുവാദം പൂര്‍ണ്ണമായും ലഭിച്ചുവെന്നതാണ് വന്ന വ്യത്യാസം. ജനങ്ങള്‍ക്കും രാജ്യത്തിനും ഇതറിയാം. അതുകൊണ്ട് കേരളം മാതൃകയാണ്' മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിശിതമായി വിമർശിച്ചു. കുളിച്ച് വൃത്തിയായി നിൽക്കുന്ന ആരുടെയെങ്കിലും മുഖത്ത് കരി പൂശാൻ ആണ് ഇവർ നിൽക്കുന്നത്. ഇങ്ങനെ നിൽക്കുന്നവൻ അതേ കരിയിൽ കുളിച്ചു നിൽക്കുന്നതാണ് ഇവിടുത്തെ പശ്ചാത്തലത്തിൽ ഓർമ വരിക. കുളിച്ചു വരുന്നവന്റെ മുഖത്തേക്ക് തെറിപ്പിക്കാൻ കൊണ്ടുവന്ന താറൊക്കെയും നിറച്ചു കൊണ്ടുവന്നവന്റെ മുഖത്ത് തന്നെയാണ് വീഴുകയെന്നും മുഖ്യമന്ത്രി.ആരോപണങ്ങളുടെ കരിമ്പുക ഉയർത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. സത്യത്തിന്റെ കാറ്റും വെളിച്ചവും എത്തുമ്പോൾ ആ പുകയാകെ അകന്നുപോകുന്നു. സർക്കാർ കൂടുതൽ തിളക്കത്തോടെ പത്തരമാറ്റ് ശക്തിയോടെ വിളങ്ങി നിൽക്കുന്നു. സത്യത്തിന്റെ വെളിച്ചം പടരുന്ന മുറയ്ക്ക് ഈ കരിമ്പുകയാകെ ആരോപണമുന്നയിച്ചവരുടെ മുഖത്ത് മാറാകറകളായി പതിഞ്ഞു നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യാന്തര ലഹരി മാഫിയയ്ക്ക് നേരെ ഒരു രാഷ്ട്രീയം കണ്ണടയ്ക്കുന്നു. മറ്റൊരു രാഷ്ട്രീയം അതിനെ ഇഞ്ചിന് ഇഞ്ചിന് നേരിടുന്നു. വാളയാർ,എകെജി സെൻ്റർ ആക്രമണം, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്നിവയൊന്നും ഇപ്പോൾ ആരും പറയുന്നില്ല. വാളയാറിൽ സിബിഐ വന്നപ്പോൾ സർക്കാർ സഹകരിച്ചു. ഇപ്പോൾ എന്തായി. നിങ്ങൾ കൊണ്ടുനടന്ന ആൾ തന്നെയാണ് പ്രതിയായി വന്നത്.ബിജെപിക്കൊപ്പം നിന്ന് കോൺഗ്രസ് പ്രചരിപ്പിച്ചത് സിപിഐഎം പ്രവർത്തകരാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചത് എന്നാണ്. ഒടുവിൽ സംഘപരിവാറുകാർ അറസ്റ്റിലായി. പ്രചരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾ പറഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം നടന്നെന്നാണ് ചെന്നിത്തല പറയുന്നത്. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ പോയത്. ഫ്ലൈറ്റിലിരുന്നപ്പോൾ വിരുന്നിന് വരാൻ തന്നെ ഗവർണർ വീണ്ടും ക്ഷണിച്ചു.നിർമ്മലാ സീതാരാമൻ ബേക്ക് ഫാസ്റ്റിന് വരുമെന്ന് പറഞ്ഞാണ് ഗവർണറെ കൂടി വിളിച്ചാണ്. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ട് പോയതല്ല. രാഷ്ട്രീയമുള്ള രണ്ട് പേർ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങൾ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നും അല്ല പോയത്. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ടിപി കേസ് പ്രതികളുടെ പരോളിനെ ന്യായീകരിച്ചും മുഖ്യമന്ത്രി നിലപാടെടുത്തു. കോവിഡ് കാലം കൂടി നോക്കുമ്പോൾ പരോൾ വലിയ സംഖ്യയായി തോന്നാം. കോവിഡ് കാലത്ത് 651 ദിവസം വരെ പരോൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കേസിലെ പ്രതികൾക്ക് മാത്രം പരോൾ നൽകില്ലെന്ന് പറയാനാവില്ല. ഛിദ്ര ശക്തികളെ തലപൊക്കാൻ അനുവദിക്കാത്ത ഒരു ഭരണസംവിധാനം കേരളത്തിലുണ്ട്. വർഗീയ ശക്തികൾക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തിൽ ഭരണം നിലനിർത്തുന്നതുമായ സംവിധാനമല്ല കേരളത്തിൽ. അതിന് ആത്മധൈര്യം വേണം. അവരിൽ നിന്ന് ഓശാരം പറ്റാതിരിക്കണം. ഞങ്ങളുടെ ആളുകളെ പിടിച്ചു വയ്ക്കരുത് വിടൂ എന്ന് പറയാൻ ഒരു വർഗീയശക്തിക്കും കഴിയില്ല. ഈ ഭരണത്തോട് അങ്ങനെ കൽപ്പിക്കാൻ ധൈര്യമുള്ള ഒരു ശക്തിയും കേരളത്തിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഐഎമ്മിൻ്റെ നയങ്ങളും സംസ്ഥാനത്തെ പൊലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങളിൽ അക്കമിട്ട് നിരത്ത് മുഖ്യമന്ത്രി മറുപടി നൽകി.